വീണ്ടും കൊറോണ വ്യാപനം ഉണ്ടായാൽ രാജ്യം ലോക്ക് ഡൗണ്‍ ചെയ്യില്ലെന്ന് ബോറിസ് ജോൺസൺ

Spread the love

ബ്രിട്ടൻ ഇപ്പോൾ വളരെയേറെ ആശ്വാസത്തിൽ ആണ് . കൊറോണാ വൈറസ് ബാധിച്ച് യുകെയില്‍ ഏറ്റവും ഒടുവിൽ മരിച്ചവരുടെ എണ്ണം വെറും നാൽപതു മാത്രമായി ചുരുങ്ങിയിരിക്കുന്നു .രാജ്യത്ത് ഇതോടെ ആകെ മരണസംഖ്യ 45,273 ആയി. കഴിഞ്ഞ ശനിയാഴ്ച 140 പേര്‍ മരിച്ചതില്‍ നിന്നാണ് ഈ കുറവ് എന്നതും ശ്രധേയമാണ് .
രാജ്യത്തു കോവിഡ് രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടാലും ദേശീയ ലോക്ക് ഡൗണ്‍ ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇനിയൊരു ദേശീയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആണവായുധം പ്രയോഗിക്കുന്നതിന് തുല്ല്യമായിരിക്കും എന്നാണ് ബോറിസിന്റെ വാദം . രാജ്യം വീണ്ടും അത്തരമൊരു അവസ്ഥയിലേക്ക് പോകുന്നതിനെ കുറിച്ച് തനിക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ ബോറിസ് വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യം വിന്ററിലേക്ക് പ്രവേശിക്കുമ്പോള്‍ കൊറോണയുടെ രണ്ടാംവരവും വിൻറ്റെർ ഫ്‌ലൂവും ശക്തിയാര്‍ജിക്കാന്‍ സാധ്യതയേറിയിരിക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ പോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ അനിവാര്യമാകാമെന്നാണ് യുകെയിലെ ചീഫ് സയന്റിഫിക് അഡൈ്വസര്‍ മുന്നറിയിപ്പേകിയത്. എന്നാല്‍ പകരം ഇനി പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ കൗണ്‍സിലുകള്‍ക്ക് പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുളള പുതിയ അധികാരം സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും കൊറോണ ബാധ രൂക്ഷമായതിനെ തുടര്‍ന്നാണ് ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ തന്നെ കൗണ്‍സിലുകള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പുതിയ വിവേചന അധികാരം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇത്തരം അധികാരത്തിലൂടെ ഓരോ കൗണ്‍സിലുകള്‍ക്കും അത്യാവശ്യ വേളയില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താമെന്നും ഇതിലൂടെ ദേശീയ വ്യാപകമായുള്ള ലോക്ക്ഡൗണ്‍ ഒഴിവാക്കാമെന്നുമാണ് ബോറിസ് പറയുന്നത്.പ്രാദേശിക കൊറോണ പകര്‍ച്ചകളെ നിയന്ത്രിക്കാന്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ പര്യാപ്തമാണെന്നു വിദഗ്ധര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നിലപാടെടുത്തിരിക്കുന്നതെന്നും ബോറിസ് പറയുന്നു.പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ബോറിസ് ജോണ്‍സണ്‍ ക്രിസ്മസ് എത്തുന്നതോടെ ഒരുപരിധി വരെ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടക്കിയെത്തിക്കുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

*