കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

Spread the love

കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത്. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്നു. ആകെ പോസിറ്റീവ് കേസുകള്‍ 236,657 ആയി. 24 മണിക്കൂറിനിടെ പതിനായിരത്തിന് അടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റദിവസം 294 പേരാണ് മരിച്ചത്. അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനം അടച്ചുപൂട്ടി. മഹാരാഷ്ട്രയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി രോഗം ബാധിച്ച് മരിച്ചു.

ഇറ്റലിയില്‍ 235,000 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 236,657 ആയതോടെ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്ത് എത്തി. രോഗികളുടെ എണ്ണത്തില്‍ നേരത്തെ ചൈനയെയും ഫ്രാന്‍സിനെയും ജര്‍മനിയെയും രാജ്യം മറികടന്നിരുന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധന ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 9887 പോസിറ്റീവ് കേസുകളും 294 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 6642 പേര്‍ മരിച്ചു.

മഹാരാഷ്ട്രയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ഇപ്പോള്‍ മരണങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, 114072 പേര്‍ രോഗമുക്തരായി. രോഗം ഭേദമായവരുടെ നിരക്ക് 48.2 ശതമാനമായി. രാജ്യത്തെ കൊവിഡ് പരിശോധനകള്‍ 45 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 137,938 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*