കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു ബോറിസ് ജോൺസൺ ; ആറ് പേര്‍ക്ക് വരെ പുറത്ത് ഒന്നിച്ചുകൂടാം

Spread the love

ബ്രിട്ടനില്‍ കൊറോണ വൈറസ് വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിനായി കോവിഡ് അലേര്‍ട്ട് നാലില്‍ നിന്നും മൂന്നാക്കി. ആറ് പേര്‍ക്ക് വരെ അടങ്ങുന്ന സംഘത്തിന് പുറത്തു ഒരുമിച്ചു കൂടാനും ബാര്‍ബിക്യൂകള്‍ സംഘടിപ്പിക്കുവാടാനും കഴിയുമെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇതനുസരിച്ച് ജൂണ്‍ 1 മുതല്‍ ആറുപേരു വരെയുള്ള ഗ്രൂപ്പുകളുമൊത്ത് വീടുകളിലെ ഗാര്‍ഡനിലും പാര്‍ക്കുകളിലും സമയം ചിലവഴിക്കാന്‍ അനുമതി നല്കി. ഈയവസരങ്ങളില്‍ സാമൂഹ്യ അകലം പാലിച്ചിരിക്കണം. ഗ്രൂപ്പുകള്‍ തമ്മില്‍ 2 മീറ്റര്‍ അകലം ഉണ്ടായിരിക്കണം. വീടുകളുടെ ഗാര്‍ഡനുകളിലും മറ്റ് പ്രൈവറ്റ് ഔട്ട് ഡോര്‍ ഏരിയയിലും ഇങ്ങനെ ഒന്നിച്ചു കൂടാന്‍ അനുവാദം നല്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം സന്ദര്‍ശിക്കുന്നതിനും അനുവാദമുണ്ട്.

സേജ് വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച ശേഷം ആണ് കോവിഡ് അലേര്‍ട്ട് നാലില്‍ നിന്നും മൂന്നിലേക്ക് കുറച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ആദ്യം ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ആയിരിക്കും ഇളവുകള്‍ എന്നതിനാല്‍ രോഗവ്യാപനത്തിന്റെ അപകടസാധ്യത കുറവാണെന്നു വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. വീട്ടില്‍ ഉള്ളവര്‍ക്ക് ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താമെങ്കിലും സാമൂഹിക അകലം പാലിക്കണം.

സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കുമെന്ന് ബോറിസ് വ്യക്തമാക്കി. പ്രൈമറി സ്കൂളുകള്‍ക്കാണ് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കിയിട്ടുള്ളത്. പ്രൈമറി സ്കൂളുകളിലെ റിസപ്ഷനും ഇയര്‍ 1, ഇയര്‍ 6 ക്ലാസുകള്‍ ആദ്യം തുടങ്ങും. സെക്കണ്ടറി സ്കൂളുകളിലെ ഇയര്‍ 10, ഇയര്‍ 11 ക്ലാസുകള്‍ വീണ്ടും ആരംഭിക്കാനുള്ള അനുമതിയും കൊടുത്തിട്ടുണ്ട്.

മാര്‍ച്ച്‌ 23ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ശേഷം തുറന്ന് പ്രവര്‍ത്തിക്കാത്ത എല്ലാ കടകളും ജൂണ്‍ 15ന് ശേഷം തുറക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. മറ്റു തീരുമാനങ്ങള്‍ വിദഗ്ധരുമായി ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. രോഗവ്യാപനതോത് കഴിഞ്ഞ ആഴ്ച കുറഞ്ഞെന്നും അതിനാല്‍ നിയന്ത്രണം ലഘൂകരിക്കുമെന്നും ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞിരുന്നു.

എന്നാല്‍ ഓരോ ദിവസവും എണ്ണായിരം പുതിയ അണുബാധകള്‍ ഉണ്ടാകുന്നുണ്ടെന്നും നിയമങ്ങള്‍ ലഘൂകരിക്കുന്നതു അപാകത സൃഷ്ടിക്കുമെന്നുമുള്ള മുഖ്യശാസ്ത്ര ഉപദേഷടാവ് പാട്രിക് വാലന്‍സിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് തിങ്കളാഴ്ച മുതല്‍ രാജ്യത്തു ഇളവുകള്‍ നല്‍കാനുള്ള ബോറിസിന്റെ തീരുമാനം വന്നിരിക്കുന്നത്.

സ്കോട്ട് ലന്‍ഡിലും കൂടുതല്‍ ഇളവുകള്‍ കൊണ്ടുവരുമെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാസ് സ്റ്റുര്‍ജന്‍ അറിയിച്ചു. ഇവിടങ്ങളില്‍ എട്ടു പേര്‍ക്കുവരെ ഒന്നിച്ചു കൂടാം.

Leave a Reply

Your email address will not be published. Required fields are marked *

*